Friday, April 15, 2011

കുന്നത്തൂരില്‍ 74.05 ശതമാനം- ഇരുമുന്നണികളും പ്രതീക്ഷയില്‍

കുന്നത്തൂരിലെ ഉയര്‍ന്ന പോളിങ് ശതമാനം ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. 74.04 ആണ് കുന്നത്തൂരിലെ പോളിങ് ശതമാനം.മൊത്തം 193106 വോട്ടര്‍മാരില്‍ 142990 വോട്ടര്‍മാര്‍ വോട്ടുചെയ്തു. ഇതില്‍ 66411 പേര്‍ പുരുഷന്‍മാരും 76579 പേര്‍ സ്ത്രീകളുമാണ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരിലെ പോളിങ് ശതമാനം 71 ആയിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.89 ശതമാനവുമായിരുന്നു.

കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഹാട്രിക് വിജയം നേടുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ പി.കെ. രവിയുടെ വിജയത്തിലൂടെ കുന്നത്തൂരില്‍ ചരിത്രം കുറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കുന്നത്തൂരില്‍ ഉണ്ടായ ചരിത്രവിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന്് യു.ഡി.എഫ്. ക്യാമ്പ് കണക്കാക്കുന്നു. അതിനായി, യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതായും അത് ഫലംകാണുമെന്നും അവര്‍ കണക്കാക്കുന്നു.

എന്നാല്‍, ഭരണാനുകൂല തരംഗവും കോവൂര്‍ കുഞ്ഞുമോന്റെ ജനകീയ അംഗീകാരവും വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. നേതൃത്വം. ചിട്ടയായ പ്രവര്‍ത്തനവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കാക്കുന്നു. പുതുതായി എത്തിയ പവിത്രേശ്വരം, കിഴക്കേകല്ലട, മണ്‍റോത്തുരുത്ത് പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും വിലയിരുത്തുന്നു. തങ്ങളുടെ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും ഇരുമുന്നണികളും പറയുന്നു.


Mathrubhumi

No comments:

Post a Comment