Thursday, July 22, 2010

താത്കാലിക ലക്ചററുടെ ഇന്റര്‍വ്യൂ


കൊല്ലം:പെരുമണ്‍ എന്‍ജിനിയറിങ് കോളേജില്‍ 26ന് രാവിലെ 11ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി വിഷയങ്ങളില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യു നടത്തും. യോഗ്യരായവര്‍ക്ക് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Crtsy: Mathrubhumi

കാമ്പസ് റിക്രൂട്ട്‌മെന്റ്

കൊല്ലം:ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും വിപ്രോ, ബാംഗ്ലൂര്‍ ജൂലായ് 24 ശനിയാഴ്ച 9ന് കോളേജ് ഓഡിറ്റോറിയത്തില്‍വച്ച് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും. വിശദവിവരങ്ങള്‍ക്ക്: 9446015215, 0474-2732853.

Crtsy: Mathrubhumi

Wednesday, July 21, 2010

മണ്ണൂര്‍ക്കാവില്‍ രുക്മിണീസ്വയംവരം ഇന്ന്

മൈനാഗപ്പള്ളി:മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുക്മിണീസ്വയംവരം ബുധനാഴ്ച 10.30 ന് നടക്കും. സ്വയംവരാര്‍ച്ചന, സ്ത്രീസൂക്തം, ഐകമത്യസൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തും. വൈകിട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ.

Courtesy: Mathrubhumi

അബ്ദുല്‍ നാസര്‍ മഅദനിയോടു കാട്ടുന്ന നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് അന്‍വാര്‍ശ്ശേരിയില്‍ തല മുണ്ഡനംചെയ്ത് പ്രതിഷേധം

അന്‍വാര്‍ശ്ശേരിയില്‍ തല മുണ്ഡനംചെയ്ത് പ്രതിഷേധം



ശാസ്താംകോട്ട: അബ്ദുല്‍ നാസര്‍ മഅദനിയോടു കാട്ടുന്ന നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കാരാളിമുക്ക് മുസ്‌ലിം പൗരസമിതിയുടെ നേതൃത്വത്തില്‍ തല മുണ്ഡനംചെയ്ത് പ്രകടനം നടത്തി.

വൈകിട്ട് അഞ്ചിന് ശാസ്താംകോട്ടയില്‍നിന്നാരംഭിച്ച പ്രകടനം അന്‍വാര്‍ശ്ശേരിയില്‍ സമാപിച്ചു. പത്ത് പൗരസമിതി പ്രവര്‍ത്തകരാണ് തല മുണ്ഡനംചെയ്തത്. പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഅദനി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.

അതേസമയം, മഅദനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വാര്‍ശ്ശേരിക്ക് മുന്നില്‍ പി.ഡി.പി. നടത്തുന്ന നിരാഹാരസമരം 36 ദിവസം പിന്നിട്ടു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വുമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ നടത്തുന്ന ഉപവാസ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

Courtesy: Mathrubhumi

Tuesday, July 20, 2010

മൈനാഗപ്പള്ളിയില്‍ രണ്ടാംഘട്ട ശുചീകരണം

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കുടുംബശ്രീയുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമാബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വൈ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയന്‍, രാജലേഖ, താമരാക്ഷന്‍, നാസര്‍, രുക്മിണി, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Courtesy: Mathrubhumi

Tuesday, July 13, 2010

അധ്യാപക ഒഴിവ്


കൊട്ടാരക്കര: കുളക്കട സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. 15ന് 11ന് കൂടിക്കാഴ്ചയ്‌ക്കെത്തണം.

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് മരിച്ച നിലയില്‍

ശാസ്താംകോട്ട: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് കടത്തിണ്ണയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍.മൈനാഗപ്പള്ളി ഇടവനശ്ശേരി കൊട്ടുകാട്ടുംവിള കോളനിയില്‍ രാജേന്ദ്രന്‍ പിള്ള(51)യെയാണ് മരിച്ച നിലയില്‍ കണ്ടത്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി മുറിവേറ്റ ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഇതു സംബന്ധിച്ച് ശാസ്താംകോട്ട പോലീസില്‍ പരാതിയും നല്‍കിയിരുന്നു.തിങ്കളാഴ്ച രാവിലെ പള്ളിശ്ശേരിക്കല്‍ കോട്ടക്കകത്ത് ജങ്ഷനിലെ കടത്തിണ്ണയിലാണ് രാജേന്ദ്രന്‍ പിള്ളയെ വിഷംഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ 
കണ്ടെത്തിയത്.

Crtsy: Mathrubhumi



Friday, July 9, 2010

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി തള്ളി. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പട്ടിട്ടുള്ളവര്‍ക്ക് പ്രഥമദൃഷ്ട്യാ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് മഅദനിക്ക് ജാമ്യം നിഷേധിച്ചത്. മഅദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും മറ്റ് കാര്യങ്ങള്‍ വിധിയുടെ പകര്‍പ്പ് ലഭിച്ചതിനുശേഷം തീരുമാനിക്കുമെന്നും മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ അറിയിച്ചു. മഅദനിക്കെതിരെയുള്ള അറസ്റ്റുവാറണ്ടിന്റെ കാലാവധി ഈ മാസം 20 ന് അവസാനിക്കും.

അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത ശേഷം അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യഗസ്ഥരുടെ യോഗം വൈകീട്ട് ചേരുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി വന്നയുടനെ കൊല്ലം അര്‍വാശ്ശേരിയില്‍ മഅദനിയുടെ വസതിക്കുമുന്നില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ മഅദനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു.

മഅദനിയുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്ന് ഒരു ശതമാനംപോലും പ്രതീക്ഷയില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദനി ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.

ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ നേതാവ് തടിയന്റവിട നസീര്‍, ഷഫാസ്, ഷംസുദ്ദീന്‍ എന്നിവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മഅദനിക്കെതിരെയുള്ള അനുബന്ധകുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. സ്‌ഫോടനവുമായി നേരിട്ടുബന്ധമുള്ള പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Courtesy: Mathrubhumi