Saturday, February 26, 2011

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് ആദര്‍ശ് പദവി

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. 



വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് കുന്നത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനവികസനമെന്ന ആവശ്യം പൂര്‍ത്തീകരിക്കുന്നതാണ് പ്രഖ്യാപനം. ജില്ലയില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ മാത്രമാണ് ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുള്ളത്.

ആദര്‍ശ് സ്റ്റേഷനാകുന്നതോടെ കെട്ടിടങ്ങള്‍ നവീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യും. പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള അവസ്ഥയില്‍നിന്ന് ഉയര്‍ത്തി 24 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന നിലവാരത്തിലുള്ളതാക്കും. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങളും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണ്ണതോതില്‍ മേല്‍ക്കൂരയുണ്ടാകും.

നിലവില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയിലും വെയിലിലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ആകെ 15 മീറ്റര്‍ ഭാഗത്താണ് പേരിനെങ്കിലും മേല്‍ക്കൂരയുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇരുട്ടിലാണ്. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആകെ രണ്ട് മൂത്രപ്പുരകള്‍ ഉള്ളത് ജീവനക്കാര്‍ ഉപയോഗിക്കുകയാണ്.

മലബാര്‍, വഞ്ചിനാട്, ഐലന്‍ഡ് എന്നീ എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. പരശുറാമിന് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലും അതുണ്ടായില്ല.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്താന്‍ പരിശ്രമിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു.

തുണ്ടില്‍ നൗഷാദ് അധ്യക്ഷനായി എം.വി.ശശികുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രപ്രസാദ്, സുധീര്‍ ജേക്കബ്, കല്ലട വിജയന്‍, കുന്നത്തൂര്‍ ബാലന്‍, കല്ലട രമേശ്, വൈ.ഷാജഹാന്‍, കാഞ്ഞിരവിള അജയകുമാര്‍, പി.കെ.രവി, വൈ.സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
Thanks to Mathrubhumi

Thursday, February 24, 2011

വികാരിയെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

മൈനാഗപ്പള്ളി, മുതുപിലാക്കാട് മലങ്കര കത്തോലിക്കാ പള്ളികളിലെ വികാരിയും രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഏബ്രഹാം തലോത്തിലിനെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടവക കമ്മിറ്റികള്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെ‡ണമെന്നു യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി രാജു പ്രമേയം അവതരിപ്പിച്ചു.
-മനോരമ

Tuesday, February 22, 2011

ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ശാസ്താംകോട്ട പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 25 നും 40 നും മധ്യേ പ്രായമുള്ളവരും, ഡ്രൈവര്‍ നിയമനത്തിന് യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷയുടെ മാതൃക പഞ്ചായത്ത ഓഫീസില്‍ ലഭിക്കും.

വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 26 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. 26 നും, 27 നും ദേവപ്രശ്‌നപരിഹാരക്രിയകള്‍ നടക്കും. 26 മുതല്‍ മാര്‍ച്ച് 1 വരെ ദിവസവും രാവിലെ 8 ന് ശിവപുരാണപാരായണം, 12 ന് അന്നദാനം, വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ ഉണ്ടാകും. 28 ന് രാവിലെ 6.30 ന് ലക്ഷാര്‍ച്ചന സമാരംഭം. മാര്‍ച്ച് 2 ന് രാവിലെ 6 ന് ആദിത്യപ്പൊങ്കാല, ശിവപുരാണപാരായണം, 8.30 നും 9 നും മദ്ധ്യേ ബാലാലയപ്രതിഷ്ഠ, 12 ന് അന്നദാനം, വൈകിട്ട് 4 ന് കെട്ടുകാഴ്ച, 7 ന് കോലം എഴുന്നള്ളത്തും ചൂട്ടേറും, രാത്രി 8 ന് ലക്ഷാര്‍ച്ചന പരിസമാപ്തി, ദീപാരാധന, 9 ന് അഖണ്ഡനാമം.
Mathrubhumi 

സ്വകാര്യബസ് കാറിലിടിച്ച് മൈനാഗപ്പള്ളി സ്വദേശികള്‍ക്ക് പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു

സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു 



ശാസ്താംകോട്ട: സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്കേറ്റു. നാട്ടുകാര്‍ ബസിന്റെ ചില്ലു തകര്‍ത്തു. കഴിഞ്ഞ രാത്രി മൈനാഗപ്പള്ളി കുറ്റിയില്‍മുക്കിലാണ് അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കരുനാഗപ്പള്ളിയില്‍ നിന്നു ഭരണിക്കാവിനു വന്ന എംഎച്ച് ട്രാവല്‍സ് എന്ന ബസ് മൈനാഗപ്പള്ളി ഭാഗത്തേക്കു പോയ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രക്കാരായ മൈനാഗപ്പള്ളി മുട്ടമ്പലത്ത് സതീശ് (35), ശ്രീലക്ഷ്മി (30) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടി. നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കഴിഞ്ഞമാസം അപകടത്തില്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഉണ്ടായതോടെ നിലവില്‍വന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ലം¸ിക്കപ്പെട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കാതെയുള്ള മല്‍സരഓട്ടവും അതുമൂലമുള്ള പ്രശ്നങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ടൗണില്‍ ഉള്‍പ്പെടെ പലയിടത്തും ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കാവലും ഇപ്പോഴില്ല.

-Manorama

Monday, February 21, 2011

വാഹനാപകടത്തില്‍ മരിച്ച മൈനാഗപ്പള്ളി സ്വദേശിക്ക് ആദരാജ്ഞലികള്‍

അല്‍കോബാര്‍: കൊല്ലം മൈനാഗപ്പള്ളി സ്വദേശി വിളയില്‍ കബീര്‍കുട്ടി (46) വാഹനാപകടത്തില്‍ മരിച്ചു. ദഹ്‌റാന്‍-അബ്‌ഖേക്ക് ഹൈവേയിലാണ് അപകടമുണ്ടായത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുടുംബ സമേതം അല്‍ ഖോബാരിലായിരുന്നു താമസം.

കബീര്‍കുട്ടി ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖബറടക്കം തുഖ്ബ ഖബരിസ്ഥാനിയില്‍ . ഭാര്യ: മൃതുലത്ത് കബീര്‍. മക്കള്‍: അഫ്‌സല്‍ കബീര്‍ (ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി), ആസിഫ് കബീര്‍, അംജദ് കബീര്‍. ഭാര്യാ സഹോദരന്‍: അനസ്.