Saturday, February 26, 2011

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് ആദര്‍ശ് പദവി

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. 



വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് കുന്നത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനവികസനമെന്ന ആവശ്യം പൂര്‍ത്തീകരിക്കുന്നതാണ് പ്രഖ്യാപനം. ജില്ലയില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ മാത്രമാണ് ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുള്ളത്.

ആദര്‍ശ് സ്റ്റേഷനാകുന്നതോടെ കെട്ടിടങ്ങള്‍ നവീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യും. പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള അവസ്ഥയില്‍നിന്ന് ഉയര്‍ത്തി 24 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന നിലവാരത്തിലുള്ളതാക്കും. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങളും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണ്ണതോതില്‍ മേല്‍ക്കൂരയുണ്ടാകും.

നിലവില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയിലും വെയിലിലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ആകെ 15 മീറ്റര്‍ ഭാഗത്താണ് പേരിനെങ്കിലും മേല്‍ക്കൂരയുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇരുട്ടിലാണ്. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആകെ രണ്ട് മൂത്രപ്പുരകള്‍ ഉള്ളത് ജീവനക്കാര്‍ ഉപയോഗിക്കുകയാണ്.

മലബാര്‍, വഞ്ചിനാട്, ഐലന്‍ഡ് എന്നീ എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. പരശുറാമിന് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലും അതുണ്ടായില്ല.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്താന്‍ പരിശ്രമിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു.

തുണ്ടില്‍ നൗഷാദ് അധ്യക്ഷനായി എം.വി.ശശികുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രപ്രസാദ്, സുധീര്‍ ജേക്കബ്, കല്ലട വിജയന്‍, കുന്നത്തൂര്‍ ബാലന്‍, കല്ലട രമേശ്, വൈ.ഷാജഹാന്‍, കാഞ്ഞിരവിള അജയകുമാര്‍, പി.കെ.രവി, വൈ.സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
Thanks to Mathrubhumi

No comments:

Post a Comment