Friday, July 9, 2010

മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി തള്ളി. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പട്ടിട്ടുള്ളവര്‍ക്ക് പ്രഥമദൃഷ്ട്യാ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് മഅദനിക്ക് ജാമ്യം നിഷേധിച്ചത്. മഅദനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും മറ്റ് കാര്യങ്ങള്‍ വിധിയുടെ പകര്‍പ്പ് ലഭിച്ചതിനുശേഷം തീരുമാനിക്കുമെന്നും മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ അറിയിച്ചു. മഅദനിക്കെതിരെയുള്ള അറസ്റ്റുവാറണ്ടിന്റെ കാലാവധി ഈ മാസം 20 ന് അവസാനിക്കും.

അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത ശേഷം അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യഗസ്ഥരുടെ യോഗം വൈകീട്ട് ചേരുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി വന്നയുടനെ കൊല്ലം അര്‍വാശ്ശേരിയില്‍ മഅദനിയുടെ വസതിക്കുമുന്നില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ മഅദനിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു.

മഅദനിയുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. കോടതിയില്‍നിന്ന് ജാമ്യം ലഭിക്കുമെന്ന് ഒരു ശതമാനംപോലും പ്രതീക്ഷയില്ലെന്ന് അബ്ദുള്‍ നാസര്‍ മഅദനി ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.

ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ നേതാവ് തടിയന്റവിട നസീര്‍, ഷഫാസ്, ഷംസുദ്ദീന്‍ എന്നിവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മഅദനിക്കെതിരെയുള്ള അനുബന്ധകുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. സ്‌ഫോടനവുമായി നേരിട്ടുബന്ധമുള്ള പ്രതികളുമായി മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Courtesy: Mathrubhumi

No comments:

Post a Comment