Tuesday, August 10, 2010

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന


ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന.

അറസ്റ്റ് ചെയ്യുന്നതിനുള്ള കൂടിയാലോചനകള്‍ക്കായി കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പോലീസ് സംഘം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി.

അതിനു ശേഷം കൊല്ലത്തെത്തിയ സംഘം, കൊല്ലം എസ്.പി. ഹര്‍ഷിത അട്ടല്ലൂരുമായി കൂടിയാലോചന നടത്തി. മഅദനിയുടെ അറസ്റ്റിന് എല്ലാ സഹായവും നല്‍കുമെന്ന് കൊല്ലം എസ്.പി.അറിയിച്ചു.

ബാംഗ്ലൂര്‍ ഡി.സി.പി സിദ്ധപ്പയുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് കേരളത്തിലെത്തിയത്. മഅദനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിനുള്ള സാധ്യതകള്‍ ആരാഞ്ഞത്.

ഇതിനിടെ ഒരു പി.ഡി.പി പ്രവര്‍ത്തകന്‍ അന്‍വാര്‍ശേരിയില്‍ കെട്ടിടത്തിനുമുകളില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുപ്രവര്‍ത്തകര്‍ അയാളെ രക്ഷപ്പെടുത്തി.

മഅദനിയെ അറസ്റ്റുചെയ്യാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ണാടക പോലീസ് ഇതേ വരെ സഹായം ആവശ്യപ്പെട്ടിട്ടില്ല. കര്‍ണാടക സംഘം അന്‍വാര്‍ശേരിയിലേക്ക് വരുകയാണെങ്കില്‍ സഹായത്തിനായി കൊല്ലം സായുധ സേനാ ക്യാമ്പില്‍ നിന്നും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കമ്പനി (200 അംഗങ്ങള്‍ ) പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

മഅദനിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളാ പോലീസ് ആവശ്യമായ സഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Mathrubhumi 

No comments:

Post a Comment