Tuesday, November 2, 2010

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍വോട്ടര്‍പട്ടിക - പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2011

2011 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് കേരളത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 2011 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള പട്ടികയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥലംമാറിപ്പോയവര്‍ക്ക് പുതിയ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിനും അവസരം ലഭിക്കും. 2010 നവംബര്‍ നാലിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. ജില്ലാ കളക്ടറേറ്റുകള്‍, താലൂക്ക്/വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (ceo.kerala.gov.in)) ഇത് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്ക് ലഭ്യമായിരിക്കും. പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എല്ലാവരും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അന്നുമുതല്‍ നവംബര്‍ 21 വരെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും സ്ഥലം മാറുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി നിര്‍ദ്ദിഷ്ട ഫാറങ്ങളില്‍ ബന്ധപ്പെട്ട താലൂക്ക്/വില്ലേജ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതുജനങ്ങളുടെ സൌകര്യാര്‍ത്ഥം 2010 നവംബര്‍ 13 (ശനി), 14 (ഞായര്‍), 20 (ശനി), 21 (ഞായര്‍) എന്നീ തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ബൂത്ത്തല ഉദ്യോഗസ്ഥന്‍മാരുടെ (BLO) സഹായത്തോടെ അതാതു സ്ഥലത്തെ പോളിങ് ബൂത്തുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. 2011 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

No comments:

Post a Comment