Saturday, May 15, 2010

മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി


മൈനാഗപ്പള്ളി: ഗ്രാമീണമേഖലയുടെ വികസനത്തിന് സഹകരണ ബാങ്കുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക സഹകരണ ബാങ്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കായി മാറണം. ഗ്രാമീണമേഖലയുടെ വികസനത്തിന് സഹകരണ ബാങ്കുകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സഹകരണമേഖലയിലെ നിക്ഷേപം പ്രാദേശിക വികസനത്തിന് ഉപയോഗിക്കാന്‍ കഴിയണം.

നാലുവര്‍ഷംമുമ്പ് സംസ്ഥാനത്തെ മൊത്തം സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപം 20,000 കോടി രൂപയായിരുന്നു. ഇപ്പോഴത് 56,000 കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന്റെ സമ്പദ് ഘടനയില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. എന്നാല്‍, സാധാരണക്കാര്‍ക്ക് വായ്പ ലഭ്യമാകുന്ന വിധത്തില്‍ വായ്പാ നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.പി.വേണുഗോപല്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കര്‍ഷകരെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ആദരിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സോമപ്രസാദ് വിതരണം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ബി.എം.ഷെരീഫും ക്ഷീരകര്‍ഷക അവാര്‍ഡുകള്‍ കെ.എസ്.സി.ഡി.സി. ചെയര്‍മാന്‍ ഇ.കാസിമും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.രാജേന്ദ്രപ്രസാദ്, മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുടീത്തറ ഗോപാലകൃഷ്ണന്‍, എം.കാസിം, അഡ്വ. ടി.മോഹനന്‍, അഡ്വ. എസ്. രഘുകുമാര്‍, ജെ.പി.ജയലാല്‍, എം.വിജയകൃഷ്ണന്‍, രവി മൈനാഗപ്പള്ളി, കെ.എം.അലിയാരുകുഞ്ഞ് എന്നിവര്‍ സംസാരിച്ചു.

Crsty: Mathrubhumi

No comments:

Post a Comment