Tuesday, June 22, 2010

മഅദനിയുടെ ജാമ്യാപേക്ഷ: തുടര്‍വാദം ജൂണ്‍ 29ന്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തുടര്‍ വാദം തുടര്‍വാദം ജൂണ്‍ 29ന് നടക്കും. ചൊവ്വാഴ്ച രാവിലെയാണ് മഅദനിയുടെ ജാമ്യാപക്ഷേ കോടതി പരിഗണിച്ചത്. തുടര്‍ന്ന് കോടതി പ്രോസിക്യൂഷനോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം നാല് മണിയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള എതിര്‍സത്യവാങ്മൂലം പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഒരു കാരണവശാലം ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജൂണ്‍ 11 ന് സമര്‍പ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കി വിശദമായ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ ഒക്കെത്തന്നെ സത്യവാങ്മൂലത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയെക്കുറിച്ച് മഅദനിക്ക് വ്യക്തമായി അറിയാമായിരുന്നു. മഅദനിയും ഗൂഢാലോചനയില്‍ പങ്ക് ചേര്‍ന്നു. തടിയന്റെവിട നസീര്‍ ഉള്‍പ്പടെയുള്ള കേസിലെ പ്രതികള്‍ സ്‌ഫോടനത്തിന് മുമ്പും ശേഷവും മഅദനിയുമായി ബന്ധപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് ശേഷം നസീര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അന്‍വാര്‍ശേരിയില്‍ മഅദനി അഭയം നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സത്യവാങ്മൂലത്തിന്റെ കോപ്പി മഅദനിയുടെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. ബാംഗ്ലൂര്‍ അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മഅദനിയുടെ അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണ് കേസ് ജൂണ്‍ 29 ലേക്ക് മാറ്റിയത്. ജൂണ്‍ 23 നോ അതിനുമുമ്പോ മഅദനിയെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാണ് ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മഅദനിയുടെ വാറണ്ട് നീട്ടികിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ പിന്നീട് അറിയിച്ചു.
Courtesy: Mathrubhumi

No comments:

Post a Comment