Thursday, June 17, 2010

മഅദനിക്കെതിരെ രാജ്യദ്രോഹവും കൊലക്കുറ്റവും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹവും തീവ്രവാദവും കൊലക്കുറ്റവും. സേ്ഫാടനം ആസൂത്രണം ചെയ്യുന്നതില്‍ മഅദനി പങ്കുവഹിച്ചിട്ടുണ്ടെന്നും തീവ്രവാദികള്‍ക്ക് ജിഹാദിനുള്ള സഹായം വാഗ്ദാനം ചെയ്തുവെന്നും ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ മഅദനി പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്.

ഐ.പി.സി. 219, 102, 302 എന്നീ വകുപ്പുകളും അതിന്റെ ഉപവകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങളാണ് മഅദനിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് 219-ാം വകുപ്പ് അനുസരിച്ചുള്ള കുറ്റം. ഐ.പി.സി. 102-ാം വകുപ്പ് അനുസരിച്ചാണ് തീവ്രവാദകുറ്റം ആരോപിച്ചിരിക്കുന്നത്. ബോംബ് സേ്ഫാടനത്തിലൂടെ സമൂഹത്തില്‍ ഭീകരത സൃഷ്ടിച്ചുവെന്നുള്ളതാണ് കുറ്റം.

കൊലക്കുറ്റം ആരോപിക്കുന്നതാണ് 302-ാം വകുപ്പിലുള്ളത്. 2008 ജൂലായ് 25-ന് ബാംഗ്ലൂര്‍ നഗരത്തില്‍ ഒമ്പത് ഇടങ്ങളിലായി നടന്ന സേ്ഫാടന പരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തേ അറസ്റ്റിലായ ലഷ്‌കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ നല്കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

ബാംഗ്ലൂര്‍ സേ്ഫാടന പദ്ധതി ആസൂത്രണം ചെയ്യാന്‍ തടിയന്റവിട നസീര്‍ സംഘടിപ്പിച്ച രഹസ്യയോഗത്തില്‍ മഅദനി പങ്കെടുത്തിരുന്നതായി കുറ്റപത്രം ആരോപിക്കുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മഅദനി, നസീറിന് നിര്‍ദേശം നല്കിയിരുന്നു.

നസീര്‍ കര്‍ണാടകത്തിലെ കൊടക് ജില്ലയില്‍പ്പെട്ട ലകേരി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച തീവ്രവാദിക്യാമ്പ് മഅദനി സന്ദര്‍ശിച്ചിരുന്നു - കുറ്റപത്രം ആരോപിക്കുന്നു. എന്നാല്‍ അത് തീവ്രവാദ ക്യാമ്പാണെന്ന അറിവോടെയാണോ മഅദനി എത്തിയതെന്ന് വ്യക്തമല്ല.

സേ്ഫാടനം ആസൂത്രണംചെയ്യുന്നതിന്റെ ഭാഗമായി തടിയന്റവിട നസീറും മറ്റൊരു പ്രതിയായ സര്‍ഫ്രാസ് നവാസും നേതൃത്വംകൊടുത്ത തീവ്രവാദിസംഘം ബാംഗ്ലൂരിലെത്തിയിരുന്നു. സേ്ഫാടനം നടത്തേണ്ട സ്ഥലങ്ങള്‍ നേരിട്ടുകണ്ട് പരിശോധിച്ച സംഘം പിന്നീട് കൊച്ചിയിലെത്തി മഅദനിയെ കണ്ട് ഈ വിവരങ്ങള്‍ കൈമാറി- പോലീസ് രേഖയില്‍ പറയുന്നു. ഇവര്‍ക്ക് ജിഹാദ് നടത്തുന്നതിനുള്ള എല്ലാ സഹായങ്ങളും മഅദനി വാഗ്ദാനം ചെയ്തിരുന്നതായും തടിയന്റവിട നസീറിന്റെ മൊഴിയിലുണ്ട്.

അതേസമയം, സേ്ഫാടനപരമ്പരയില്‍ മഅദനി നേരിട്ടു ബന്ധപ്പെട്ടതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നില്ല. സേ്ഫാടനം നടക്കുമെന്ന് വ്യക്തമായി അറിവുണ്ടായിട്ടും അത് രഹസ്യമാക്കിവെച്ചു. ഇതാണ് ഗൂഢാലോചനയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ ഇനിയും അന്വേഷണം തുടരേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
-----മാത്രുഭൂമിയോട് കടപ്പാട്

No comments:

Post a Comment