Wednesday, June 30, 2010

കുട്ടിപ്പോലീസുകാര്‍ക്ക് ഗ്രേസ് മാര്‍ക്ക്: ചര്‍ച്ചചെയ്ത് തീരുമാനിക്കും - മന്ത്രി

തിരുവനന്തപുരം : സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (കുട്ടിപ്പോലീസ് ) പരിപാടിയില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നന്‍കുന്നത് പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്തെ നൂറു സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യപാനത്തിനും ലഹരിക്കും അടിമകളാകുന്ന വിദ്യാര്‍ഥികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുപോകുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നതോടെ വിദ്യാര്‍ഥികളെ അതില്‍നിന്നൊക്കെ പിന്തിരിപ്പിക്കാനും അവരില്‍ പരിസ്ഥിതി ബോധവും മറ്റും വളര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാലയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.ജി.പി. ജേക്കബ് പുന്നൂസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുരുവിള ജോണ്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പോലീസ് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ഐ. ടി അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്, പി. കെ. കൃഷ്ണന്‍, എന്‍.എസ്.എസ്. ലയ്‌സണ്‍ ഓഫീസര്‍ അനിത ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ 148 സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. എറണാകുളം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി. വിജയനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ. ഫാസിലും ചേര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

പതിനൊന്നു പോലീസ് ജില്ലകളിലായി 100 സ്‌കൂളുകളില്‍ ഈ വര്‍ഷം നടപ്പാക്കും. വരും വര്‍ഷങ്ങളില്‍ സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂളുകളില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.

No comments:

Post a Comment