Saturday, June 12, 2010

മൈനാഗപ്പള്ളി

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ കരുനാഗപ്പള്ളി ബ്ളോക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മൈനാഗപ്പള്ളി. ഈ പഞ്ചായത്തിനെ 13 വാര്‍ഡുകളായി തിരിച്ചിരിക്കുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് രൂപംകൊള്ളുന്നത് 1953-ലാണ്. മൈനാഗപ്പള്ളി പഞ്ചായത്ത് കേരളത്തിന്റെ മൂന്നു ഭൂപ്രകൃതിമേഖലകളിലൊന്നായ ഇടനാട് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് കൊല്ലത്തിനും ആലപ്പുഴയ്ക്കുമിടയിലായി ദേശീയപാത 47-ല്‍ കരുനാഗപ്പള്ളിയില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. വടക്കുഭാഗത്ത് ശൂരനാട് തെക്കു പഞ്ചായത്തും, കിഴക്ക് ശാസ്താംകോട്ട പഞ്ചായത്തും, തെക്കുകിഴക്ക് പടിഞ്ഞാറേ കല്ലട പഞ്ചായത്തും, തെക്ക് തേവലക്കര പഞ്ചായത്തും, പടിഞ്ഞാറ് തൊടിയൂര്‍ പഞ്ചായത്തുമാണ് മൈനാഗപ്പള്ളി പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. ഐതിഹ്യപ്രസിദ്ധമായ പ്രദേശമാണ് മൈനാഗപ്പള്ളി. മൈനാഗപ്പള്ളി എന്ന സ്ഥലനാമം കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ പോലെതന്ന ബുദ്ധമതപ്രചാരണവുമായി ബന്ധപ്പെട്ടു രൂപംകൊണ്ടതാണെന്ന് പറയപ്പെടുന്നു. കാടുവെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന് മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാണ് മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പര്‍വ്വതങ്ങള്‍ക്ക് ചിറകുകളുണ്ടായിരുന്ന കാലഘട്ടത്തില്‍ മൈനാഗപര്‍വ്വതം ഹിമാലയത്തില്‍ നിന്നും പുറപ്പെട്ടു വിശ്രമിച്ച സ്ഥലമാണിവിടമെന്നാണ് ഐതിഹ്യം.


ഐതിഹ്യപ്രസിദ്ധമായ മൈനാഗപ്പള്ളിയിലും കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേതുപോലെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ട ചരിത്രം കെട്ടുപിണഞ്ഞുകിടക്കുന്നു. കാടു വെട്ടിത്തെളിച്ചു ജീവിതമാരംഭിച്ച മനുഷ്യന്‍ അവിടെയുണ്ടായിരുന്ന നാഗങ്ങളുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ കാവുകള്‍ സ്ഥാപിച്ചിരിക്കാം. മുഖ്യഭീഷണി ആയിരുന്ന നാഗങ്ങളുടെ പേരുമായി ബന്ധപ്പെട്ടാവാം മൈനാഗപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കഥകളില്‍ പരാമര്‍ശിക്കുന്ന കാളകുത്തുംപൊയ്ക മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ശാസ്താംകോട്ടക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി കായംകുളത്തുനിന്നും പുറപ്പെട്ട പന്തളം രാജാവിനേയും സംഘത്തേയും കാളകള്‍ ആക്രമിച്ച സ്ഥലമാണിതെന്ന് ഐതിഹ്യമാലയില്‍ പരാമര്‍ശമുണ്ട്. പാരമ്പര്യചികില്‍സാരംഗത്ത് പ്രസിദ്ധരായിരുന്ന തേവലക്കര കണ്ണുവൈദ്യന്മാര്‍ ജീവിച്ചിരുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിലാണ്. ബ്രാഹ്മണ കുടുംബാഗമായിരുന്ന ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ച് വീട് വിട്ടിറങ്ങി സഞ്ചരിക്കുന്നതിനിടയില്‍ വിരാടരാജ്യത്തുനിന്നു വന്ന ഒരു സന്യാസിക്കു ആതിഥ്യം നല്‍കുകയും അദ്ദഹത്തില്‍ നിന്നും പഠിച്ച ചികിത്സാവിധികള്‍ ഉപയോഗിച്ച് തിരുവിതാംകൂര്‍രാജ്ഞിയുടെ തീരാവ്യാധി മാറ്റിയ കാരണത്താല്‍ മഹാരാജാവ് വൈദ്യസ്ഥാനം നല്‍കി ബഹുമാനിക്കുകയുണ്ടായത്രെ. അവരുടെ പിന്‍തലമുറക്കാര്‍ ഇന്നും വൈദ്യസ്ഥാനം പേരിനോടൊപ്പം ഉപയോഗിക്കുന്നു. ഭൂരിഭാഗം കൃഷിക്കാരും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശമുള്ളവരാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടവ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിഭൂമിയും ദേവസ്വംവകയോ, പണ്ടാരവകയോ, ജന്മിമാരുടെ വകയോ ആയിരുന്നു. നെല്ലുകൃഷിക്കായിരുന്നു പണ്ടുകാലത്ത് പ്രാമുഖ്യം. കൊല്ലം ജില്ലയിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടകകമ്പനികളിലൊന്നായിരുന്നു ഈ പഞ്ചായത്തിലെ ആദിക്കാട് രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട കേന്ദ്രീകരിച്ച് രൂപം കൊണ്ടത്. സെബാസ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വൈക്കം വാസുദേവന്‍നായര്‍, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, ഓച്ചിറ വേലുക്കുട്ടി തുടങ്ങിയവര്‍ അഭിനയിച്ച സുഭഗ, ജീവിതയാത്ര, സ്ത്രീ, യാചകി തുടങ്ങിയ നാടകങ്ങള്‍ അക്കാലത്ത് ചരിത്രം സൃഷ്ടിച്ചവയായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് രൂപംകൊള്ളുന്നത് 1953-ലാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഡ്വ.കുറ്റിയില്‍ ഇബ്രാഹിംകുട്ടിയാണ്. പഞ്ചായത്തിന് സ്വന്തമായി ഒരു ഓഫീസ് ഉണ്ടായത് ചായക്കാന്റയ്യത്ത് വീട്ടില്‍ മാധവന്‍പിള്ള എന്ന വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ്. പട്ടകടവില്‍ ആരംഭിച്ചിരുന്ന പരമ്പരാഗതവ്യവസായങ്ങളായ കശുവണ്ടിവ്യവസായം, ഓടുവ്യവസായം മുതലായവ ഈ പഞ്ചായത്തുപ്രദേശത്ത് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന് അരങ്ങൊരുക്കി.






കടപ്പാട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

No comments:

Post a Comment