Saturday, June 12, 2010

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്: മഅദനി പ്രതിപ്പട്ടികയില്‍


ബാംഗ്ലൂര്‍: 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസിന്റെ പ്രതിപ്പട്ടികയില്‍ പി.ഡി.പി. നേതാവ് അബ്ദുള്‍നാസര്‍ മഅദനിയും. വെള്ളിയാഴ്ച്ച കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച അധിക കുറ്റപത്രത്തിലാണ് മഅദനിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. സൂഫിയ മഅദനിയെ പ്രതി ചേര്‍ത്തിട്ടില്ല.

സ്‌ഫോടനം നടത്തുമെന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് മഅദനിയുടെ പേരിലുള്ള കുറ്റം എന്നാണ് സൂചന. മാത്രമല്ല മുഖ്യപ്രതികളായ ലഷ്‌കര്‍ നേതാവ് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ മഅദനിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഏഴ് പ്രതികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കുറ്റപത്രം കോടതിയില്‍ നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് ബാഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു. 2008 ലെ ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു കേസുകളിലായി രണ്ടു കുറ്റപത്രങ്ങള്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതികളായ 26 പേരില്‍ മിക്കവരും മലയാളികളാണ്.

രണ്ടു കുറ്റപത്രങ്ങളും സമര്‍പ്പിച്ചശേഷം അറസ്റ്റിലായ തടിയന്റവിട നസീര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതുതായി പ്രതിപ്പട്ടികയില്‍ ഏഴുപേരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതോടെ ബാംഗ്ലൂര്‍ സേ്ഫാടനപരമ്പരക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം 33 ആയി. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മലയാളികള്‍ക്കും ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടായിരുന്നു.

ഏപ്രില്‍ 12ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. 2008 ജൂലായ് 25-നുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
courtesy: Mathrubhumi

No comments:

Post a Comment