Monday, June 14, 2010

ഓച്ചിറക്കളി ഇന്നു തുടങ്ങും

കൊല്ലം: പൂര്‍വികരുടെ രണസ്മരണകള്‍ നെഞ്ചിലേറ്റി പിന്‍മുറക്കാര്‍ പടനിലത്ത് ചൊവ്വാഴ്ച അങ്കം കുറിക്കും. ഓണാട്ടുകരയുടെ യുദ്ധവീര്യവുമായി പരബ്രഹ്മസന്നിധിയില്‍ ഇനി രണ്ടുനാള്‍ ഓച്ചിറക്കളി. 52 കരകളിലെ പോരാളികളുടെ അങ്കം കാണാന്‍ ആയിരങ്ങളെത്തും.

ഓച്ചിറക്കളിക്ക് തുടക്കം കുറിച്ച് രാവിലെ ഏഴിന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തും. പതിനൊന്നോടെ അന്നദാനമന്ദിരത്തിനു മുന്നില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. അഭ്യാസികളും കളിയാശാന്മാരും കരനാഥന്മാരും അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് @ഷഭങ്ങളും പരബ്രഹ്മഭക്തരും അകമ്പടിയേകും.

പരബ്രഹ്മസന്നിധിയെ വലംവച്ചശേഷം അഭ്യാസികള്‍ രണ്ടു സംഘമായി തിരിഞ്ഞ് എട്ടുകണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറും നിലയുറപ്പിക്കും. തുടര്‍ന്ന് പയറ്റ് പ്രദര്‍ശനമായ കരക്കളി നടക്കും. കരനാഥന്മാര്‍ പടനിലത്തിന്റെ മധ്യഭാഗത്തെത്തി, @ഷഭസാന്നിധ്യത്തില്‍ ഹസ്തദാനം നല്‍കുന്നതോടെ പോര്‍വിളി മുഴങ്ങും.

ആരവം മുഴക്കി പോരാളികള്‍ എട്ടുകണ്ടത്തില്‍ ചാടിയിറങ്ങി യുദ്ധം തുടങ്ങും. തെക്കേ കണ്ടത്തിലെ പോരിനുശേഷം വടക്കേ കണ്ടത്തില്‍ പോര് തുടരും. ബുധനാഴ്ച ഉച്ചയോടെ ഓച്ചിറക്കളി സമാപിക്കും.

കഠിന വ്രതനിഷ്ഠയോടെ 41 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ യോദ്ധാക്കളാണ് പടനിലത്ത് അങ്കം വെട്ടാനിറങ്ങുന്നത്. തറ്റുടുത്ത്, തലക്കെട്ടുമായി വാളും പരിചയുമേന്തിയാണ് ലിംഗ-പ്രായ ഭേദമെന്യേ പോരാളികള്‍ പോരിനിറങ്ങുന്നത്.
Courtesy: Mathrubhumi

No comments:

Post a Comment